വി എസ് അച്യുതാനന്ദനില്‍ പാര്‍ട്ടിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തിന് എല്ലാ പരിഗണനകളും നല്‍കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി എസിനെതിരായ നിലപാട് മയപ്പെടുത്തി കോടിയേരി സംസാരിച്ചത്.
വി എസിനെ പാര്‍ട്ടിവിരുദ്ധന്‍ എന്ന് പാര്‍ട്ടിയുടെ പ്രമേയത്തില്‍ വിശേഷിപ്പിച്ചിട്ടില്ല. പാര്‍ട്ടിവിരുദ്ധ മനോഭാവം എന്നാണുള്ളത്. പ്രമേയത്തില്‍ ഒരു തിരുത്തലും വരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. വി എസില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. കേന്ദ്രകമ്മിറ്റിയംഗമായ വി എസിന് ഇപ്പോഴും സംസ്ഥാനകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ സാഹചര്യമുണ്ട്. വി എസിന് എല്ലാ പരിഗണനയും നല്‍കുന്ന പാര്‍ട്ടിയാണ് സി പി എം - കോടിയേരി വ്യക്തമാക്കി.
വി എസ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല, അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു സീറ്റ് ഒഴിച്ചിട്ടത് പാര്‍ട്ടിക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് വി എസ് ആണ്. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ല. വി എസ് സമ്മേളനത്തില്‍ നിന്നുമാറിനില്‍ക്കാന്‍ പാടില്ലായിരുന്നു. വി എസ് തിരിച്ചുവരണമെന്നാണ് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചത്. വി എസിന് പറയാനുള്ള കാര്യങ്ങളെല്ലാം പറയാന്‍ അവസരമുണ്ടായിരുന്നു. ആറ് പി ബി അംഗങ്ങള്‍ ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ടുവിളിച്ച് സമ്മേളനത്തില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതിനും വി എസ് തയ്യാറായില്ല. ഡിമാന്‍ഡ് വച്ച് അതൊക്കെ അംഗീകരിക്കണം എന്ന് ആവശ്യപ്പെടുന്ന അവസ്ഥ മുമ്പ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായിട്ടില്ല. സംഘടനാരീതിയനുസരിച്ച് ഒരു കമ്യൂണിസ്റ്റുകാരന്‍ പാലിക്കേണ്ട രീതിയനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് - കോടിയേരി പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ പാലൊളി മുഹമ്മദ് കുട്ടി, എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയെന്ന് കോടിയേരി അറിയിച്ചു.
വലിയ ഉത്തരവാദിത്തമാണ് സെക്രട്ടറിസ്ഥാനം. മഹാരഥന്‍മാര്‍ നയിച്ച പ്രസ്ഥാനമാണ് ഇത്. പാര്‍ട്ടിയും ജനങ്ങളും എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന. മറ്റൊരു പരിഗണനയുമില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയെ നയിച്ച ഉത്തമനായ കമ്യൂണിസ്റ്റ് പിണറായി വിജയനില്‍ നിന്നുമാണ് ഞാന്‍ ഈ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റും - കോടിയേരി വ്യക്തമാക്കി.