വി എസിന്‍റെ നിലപാട്‌: ആശങ്ക തീരുന്നില്ല

തിങ്കള്‍, 23 ജൂലൈ 2012 (11:10 IST)
PRO
വി എസ് അച്യുതാനന്ദനെതിരെ താരത‌മ്യേന ചെറിയ നടപടിയായ ‘പരസ്യ ശാസന’ മാത്രം സ്വീകരിച്ചിട്ടും സി പി എം കേന്ദ്ര നേതൃത്വത്തിന്‍റെ ആശങ്ക ഒഴിയുന്നില്ല. ‘എന്‍റെ നിലപാട് ഞാന്‍ പിന്നീട് അറിയിക്കാം’ എന്ന വി എസിന്‍റെ വാചകമാണ് പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.

തനിക്കെതിരായ നടപടി അറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കിയ പത്രക്കുറിപ്പിലെയും നടത്തിയ വാര്‍ത്താസമ്മേളനത്തിലെയും ചില പരാമര്‍ശങ്ങളില്‍ വി എസ് തൃപ്തനല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, തനിക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ തന്നെ വി എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മിറ്റിയില്‍ വി എസ് മാത്രമാണ് ഈ നടപടിയെ അംഗീകരിക്കാതിരുന്നത് എന്നതു ശ്രദ്ധേയമാണ്.

തനിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് വകവച്ചു കൊടുക്കുന്നവനല്ല താന്‍ എന്ന് ഡല്‍ഹിയിലെത്തുന്നതിന് മുമ്പ് തന്നെ വി എസ് തുറന്നടിച്ചിരുന്നതാണ്. ‘പരസ്യ ശാസന’ എന്ന നടപടി പ്രഖ്യാപിക്കപ്പെട്ട ശേഷം വി എസ് മാധ്യമങ്ങളോട് മനസുതുറന്നിട്ടില്ല. നടപടിയെക്കുറിച്ച് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹം ആലോചന നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അറിയുന്നത്.

വി എസ് ഈ നടപടി ഉള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ തുടരുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ വി എസിന്‍റെ മൌനം വലിയൊരു പൊട്ടിത്തെറിക്കുള്ള ആമുഖമാണെന്ന് കരുതുന്നവരും കുറവല്ല.

വെബ്ദുനിയ വായിക്കുക