വി എസിനെ മാറ്റുന്ന കാര്യം അറിയില്ലെന്ന് കാരാട്ട്

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (17:10 IST)
PRO
PRO
പ്രതിപക്ഷ നേതൃത്വസ്ഥാനത്ത് നിന്നും വി എസ് അച്യുതാനന്ദനെ മാറ്റുന്ന കാര്യം അറിയില്ലെന്ന് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇത് സംബന്ധിച്ച സംസ്ഥാന സമിതിയുടെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. ഈ മാസം പോളിറ്റ് ബ്യൂറോ ചേരില്ല.

കേന്ദ്രകമ്മിറ്റി ചേരുന്ന കാര്യം പിബി തീരുമാനിക്കും. കമ്മിറ്റിയില്‍ പങ്കെടുക്കില്ലെന്ന് വിഎസ് അറിയിച്ചിട്ടില്ലെന്നും കാരാട്ട് പറഞ്ഞു. ലാവ്‌ലിന്‍ കേസ് സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെടാന്‍ തിങ്കളാഴ്ച്ച ചേര്‍ന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റ് പ്രമേയം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ നേത്യസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുമോ എന്ന ചോദ്യത്തോട് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതേണ്ടെന്നായിരുന്നു വിഎസ് ചൊവ്വാഴ്ച്ച പ്രതികരിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് കാരാട്ടിന്റെ പ്രതികരണം