വി എസിനെതിരെ നടപടിയുണ്ടാകും, കടുപ്പം കുറയും

ഞായര്‍, 22 ജൂലൈ 2012 (13:31 IST)
PRO
PRO
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. അതേ സമയം കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. വി എസിനെതിരെ കടുത്ത നടപടി പാടില്ലെന്ന നിലപാടാണ്‌ പശ്ചിമ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നുമുള്ള നേതാക്കള്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചതെന്നാണ്‌ സൂചന.

നിശ്ചിതകാലത്തേക്ക്‌ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന്‌ പുറത്താക്കല്‍, പരസ്യശാസന ഇവയിലേതെങ്കിലും നടപടികളായിരിക്കും വി എസിനെതിരെ സ്വീകരിക്കുക. കേരളത്തിലെ സംഘടനാപ്രശ്നങ്ങളില്‍ സി പി എം കേന്ദ്രകമ്മിറ്റി ചര്‍ച്ച പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൊളിറ്റ്ബ്യൂറോയില്‍ വിഎസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ഒന്നിച്ചിരുത്തി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ചര്‍ച്ച നടത്തി.

അതേസമയം, ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് ഇറങ്ങി വന്ന വി എസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. എല്ലാക്കാര്യങ്ങളും പി ബിയില്‍ ധരിപ്പിച്ചുവെന്ന്‌ മാത്രം പറഞ്ഞ വി എസ്‌ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 'മാധ്യമപ്രവര്‍ത്തകരോട്‌ അങ്ങേയറ്റം ബുഹമാനവും സ്‌നേഹവുമുള്ളയാളാണ്‌ താന്‍. നിങ്ങള്‍ ഇങ്ങനെയാണ്‌ പെരുമാറുന്നതെങ്കില്‍ എനിക്ക്‌ ബലം പ്രയോഗിക്കേണ്ടിവരു'മെന്ന്‌ പറഞ്ഞ്‌ മാധ്യമ പ്രവര്‍ത്തകരെ തള്ളിനീക്കി അദ്ദേഹം കാറില്‍ കയറി.

എന്നാല്‍ കേരള ഹൗസില്‍ എത്തിയ വി എസ് തനിക്കെതിരായ നടപടിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്ന് വ്യക്തമാക്കി. താന്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ചര്‍ച്ച തുടരുകയാണെന്നും തീരുമാനമായിട്ടില്ലെന്നും പറഞ്ഞു. തീരുമാനം എന്തായാലും ജനറല്‍ സെക്രട്ടറി പറയുമെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക