വി എസിനെതിരായ പരാമര്‍ശം: ഹംസയ്‌ക്കെതിരെ കടുത്ത നടപടി
തിങ്കള്‍, 23 ജൂലൈ 2012 (16:29 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ടി കെ ഹംസക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ വി എസിനെതിരെ അവഹേളിച്ചത് ശരിയായില്ലെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഹംസയ്ക്കെതിരായ നടപടി സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക. ഹംസയെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുകയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം, ഹംസയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശത്തെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുമെന്നാണ് സൂചന. വി എസിനെതിരെ ഹംസ നടത്തിയ പരാമര്‍ശത്തെ ഏറനാടന്‍ തമാശയായാണ് പിണറായി നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
പാര്‍ട്ടി എപ്പോള്‍ കുടുക്കിലാകുമ്പോഴും അപ്പോഴൊക്കെ പിന്നില്‍ നിന്ന് കോലിടുന്നയാളാണ് വി എസെന്നായിരുന്നു ഹംസ മലപ്പുറത്ത് ഒരു പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ചത്. എന്നാല്‍ ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്ന് സ്വീകരിച്ച നിലപാട്.