വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി

ബുധന്‍, 25 ഫെബ്രുവരി 2015 (14:19 IST)
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അറിയിച്ചതാണ് ഇക്കാര്യം. മറ്റു രണ്ടു കമ്പനികളുമായി അടുത്ത ദിവസങ്ങളില്‍ തന്നെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ വ്യക്തതയില്ലാത്തതാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് കമ്പനികള്‍ പിന്മാറാന്‍ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെണ്ടര്‍ കാലാവധി ഒരു മാസം കൂടി നീട്ടാന്‍ തീരുമാനമായിരുന്നു. യോഗത്തില്‍ കമ്പനി മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി സംസാരിക്കുമെന്നും കമ്പനികളുടെ ആശങ്കകള്‍ സുതാര്യമായും നിയമപരമായും പരിഹരിക്കുമെന്നും തീരുമാനിച്ചിരുന്നു.
 
കോടികള്‍ മുടക്കി തുറമുഖത്തെക്കുറിച്ച് പഠിച്ചശേഷം അദാനി, എസ്സാര്‍ സ്രേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഇവരെല്ലാം ടെണ്ടറില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക