വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം: രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് കടകംപള്ളി

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (10:40 IST)
ആഗ്രയില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച നടപടിയില്‍ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത്യന്തം അപലപനീയമായ സംഭവമാണ് നടന്നതെന്നും ആക്രമണം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
 
യുപി സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെ ഇക്കാര്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തന്നെ അപമാനിക്കുന്ന ക്രിമിനല്‍ തേര്‍വാഴ്ച്ചയാണ് അവിടെ നടന്നത്. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
 
വിനോദസഞ്ചാരികളെ രാജ്യത്തിന്റെ അതിഥികളായി കണ്ട് സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് സര്‍ക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ട്. സ്ത്രീകള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ ആക്രമിച്ച സാമൂഹ്യ വിരുദ്ധ ശക്തികളോട് പറയാനുള്ളത് ഒന്ന് മാത്രം ‘മാ നിഷാദ’.- കടകംപള്ളി പറയുന്നു.
 
ആഗ്രയില്‍ സ്വിറ്റ്സർലൻഡിൽ നിന്നുള്ള സഞ്ചാരികളായ യുവാവും യുവതിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്വെന്റിൻ ജെറമി ക്ലാർക്ക് (24), കൂട്ടുകാരി മാരി ഡ്രോസ് (24) എന്നിവരെ വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയില്‍ അപ്പോളോ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article