വികസനത്തില്‍ രാഷ്ട്രീയം വേണ്ട: ആന്റണി

Webdunia
ചൊവ്വ, 4 ജനുവരി 2011 (12:07 IST)
PRO
പ്രതിരോധ വകുപ്പിന്‌ കീഴില്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ ചാലിയത്ത്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിട്ടു. വികസനകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ഭരണ കക്ഷികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വികസന കാര്യത്തില്‍ ഒരുമിച്ച് നിന്നാല്‍ കേരളത്തില്‍ കൂടുതല്‍ കേന്ദ്ര സ്ഥാപനങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കൂ‍ടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഇതിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഡിഫന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരിം അറിയിച്ചു. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചു നടത്തുന്ന അഞ്ചാമത്തെ പ്രതിരോധ സ്ഥാപനമാണിത്. കേരളത്തിലെ വ്യവസായവല്‍ക്കരണത്തിന് ഈ പദ്ധതി ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രമായ ഇതിന്‌ നിര്‍ദ്ദേശ്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. നാവികസേനയുടേയും കോസ്റ്റ്‌ ഗാര്‍ഡിന്റേയും ആവശ്യത്തിനായുള്ള കപ്പല്‍ രൂപകല്‍പ്പനാ-ഗവേഷണ വികസന കേന്ദ്രം നിര്‍മ്മിക്കുന്നത് പ്രതിരോധ വകുപ്പും സംസ്ഥാന വ്യവസായ വകുപ്പും ചേര്‍ന്നാണ്‌.

രൂപകല്‍പ്പനാ കേന്ദ്രത്തോടൊപ്പം പരിശീലന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ കപ്പല്‍നിര്‍മാണത്തിനും തുടക്കമിടും.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ്‌, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ്‌ വിശ്വം, എം കെ രാഘവന്‍ എംപി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, പ്രതിരോധ സെക്രട്ടറി രാജ്കുമാര്‍ സിംഗ്‌, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ യുദ്ധക്കപ്പല്‍ നിര്‍മാണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. ഇപ്പോള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ യുദ്ധക്കപ്പലുകളുടെ രൂപകല്‍പ്പന നടത്തുന്നത്. തദ്ദേശീയമായി നിര്‍മിച്ചവയുണ്ടെങ്കിലും രൂപകല്‍പ്പന നമ്മുടെ സ്വന്തമല്ല. ഇതോടെ പൂര്‍ണമായും ഇന്ത്യയുടേതെന്നു പറയാവുന്ന യുദ്ധക്കപ്പലുകള്‍ കടലിറങ്ങുന്ന കാലമാണു വരാന്‍ പോവുന്നത്.