തിരുവനന്തപുരം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന മൂന്ന് റോഡപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ ബൈക്ക് യാത്രക്കാരാണെങ്കില്‍ മൂന്നാമത്തെയാള്‍ ബൈക്കിടിച്ചാണു മരിച്ചത്.
കാട്ടാക്കടയില്‍ ജെ.സി.ബി ഇടിച്ചാണു ബൈക്ക് യാത്രക്കാരനായ കോട്ടൂര്‍ എരുമക്കുഴി പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ ജോബി എന്ന 47 കാരന്‍ മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച മകന്‍ നിഖില്‍ എന്ന 16 കാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7 മണിക്ക് പൂവച്ചല്‍ പന്നിയോട് - പേഴുംമൂട് റോഡിലായിരുന്നു ദുരന്തം.
മറ്റൊരു ദുരന്തത്തില്‍ ആറ്റിങ്ങലിലെ പൂവന്‍പാറ പഴയ റോഡില്‍ ഗ്യാസ് ലോറിയില്‍ ഇടിച്ച ബൈക്ക് യാത്രക്കാരനായ ആലംകോട് പള്ളിമുക്ക് മൊബീല മന്‍സിലില്‍ സാദിഖ് എന്ന 32 കാരനാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണു ദുരന്തമുണ്ടായത്.
മൂന്നാമത്തെ അപകടം നടന്നത് വെള്ളിയാഴ്ച രാത്രി 9.30 നാണ്. നെയ്യാറ്റിന്‍കര ഇടിച്ചക്കപ്ലാമൂട്ടില്‍ വച്ച് അരുവിക്കര ചെറിയ വള്ളി ഭവനത്തില്‍ സന്തോഷ് കുമാര്‍ എന്ന 55 കാരന്‍ ബൈക്കിടിച്ചു മരിച്ചു. ചെറുമകളുടെ ചോറൂണിനു പോയി തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്.