വാളകം കേസ്: പിള്ളയെയും മകനെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി
വ്യാഴം, 16 ഫെബ്രുവരി 2012 (09:15 IST)
PRO
PRO
ഭരണകക്ഷിയിലെ ഉന്നതരിലേക്ക് അന്വേഷണം പോകുമെന്ന് ഭയന്നാണ് വാളകം കേസ് അന്വേഷണം നടത്തിയിരുന്ന എസ് പി പി പ്രകാശിനെ സ്ഥാലം മാറ്റിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പിള്ളയും മകനും തമ്മിലുള്ള വിഴുപ്പലക്കിന്റെ ഭാഗമായി ആക്രമണവുമായി ബന്ധപ്പെട്ട ചില സത്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അവരെ ചോദ്യംചെയ്യാന്‍ പൊലീസ് തയാറായാല്‍ പലരും കുടുങ്ങുമെന്നും കോടിയേരി പറഞ്ഞു.
അധ്യാപകന്‍ ആക്രമിക്കപ്പെട്ടിട്ട് അഞ്ചുമാസമാകുന്നു. ഇതുവരെയും ഒരു പ്രതിയെപ്പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സി ബി ഐ അന്വേഷണം വേണമെന്ന് ശക്തമായ ജനവികാരം ഉയര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്ക് ഉത്തരവിറക്കേണ്ടിവന്നു. ഇത്രനാളായിട്ടും സി ബി ഐ കേസ് ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാളകം കേസ് അന്വേഷണം സി ബി ഐ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദംചെലുത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.