വായ്പ ലഭിക്കാത്തതിനേത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

തിങ്കള്‍, 30 ഏപ്രില്‍ 2012 (12:38 IST)
PRO
PRO
വിദ്യാഭ്യാസ വായ്‌പ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച നഴ്‌സിംഗ്‌ വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി (20) ആണ്‌ മരിച്ചത്‌. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ശ്രുതി തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

തിരുപ്പതി ചൈതന്യ നഴ്‌സിംഗ്‌ കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. വായ്പ ലഭിക്കാത്തതിനേത്തുടര്‍ന്ന് ഫീസ്‌ അടയ്‌ക്കാന്‍ കഴിയാത്തതിലെ മനോവിഷമം സഹിക്കാന്‍ കഴിയാതെ അഞ്ചുമാസം മുമ്പ്‌ ശ്രുതി പഠനം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്ന ശ്രുതി രണ്ടാഴ്‌ച മുന്‍പാണ്‌ കീടനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

2010ലാണ് ശ്രുതിക്ക് നഴ്സിംഗിന് അഡ്മിഷന്‍ ലഭിച്ചത്. തുടര്‍ന്ന് എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ പുളിഞ്ചുവടുള്ള കുടമാളൂര്‍ ശാഖയില്‍ വിദ്യാഭ്യാസ വായ്‌പക്ക്‌ അപേക്ഷിച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ്‌ ബാങ്ക്‌ അധികൃതര്‍ വായ്‌പ നല്‍കാന്‍ തയാറായില്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. രണ്ടാം വര്‍ഷത്തിലേയ്‌ക്ക് പ്രവേശിച്ചിട്ടും ഫീസ്‌ നല്‍കാത്തതിനാല്‍ കോളജ്‌ അധികൃതരും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക