വഴിയരികിലെ പൊതുയോഗം: പിന്നോട്ടില്ലെന്ന് രാമചന്ദ്രന്‍ നായര്‍

വെള്ളി, 23 ജൂലൈ 2010 (12:15 IST)
PRO
പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതിനില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്‌ തരംതാണതാണെന്ന്‌ ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ്‌. ഭീഷണികള്‍ വിലപ്പോവില്ല. റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍നിന്ന്‌ താന്‍ പിന്‍മാറില്ലെന്നും ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന്‌ തൊട്ടു മുമ്പാണ്‌ ജസ്റ്റിസ്‌ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.

വിധി പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ്‌ നിയമാനുസൃതം റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ ഉണ്ടാവേണ്ടതെന്നും ഇത്‌ മനസിലാക്കാതെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരോട്‌ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ്‌ വ്യക്തമാക്കി.

പൊതുനിരത്തില്‍ യോഗം പാടില്ലെന്ന വിധി പൊതുതാല്പര്യം അനുസരിച്ചാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പൊതു താല്പര്യത്തിനെതിരെ എങ്ങനെ റിവ്യൂ ഹര്‍ജി നല്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ന്യായാധിപന്മാര്‍ വിഡ്ഢികളാണെന്ന് സര്‍ക്കാര്‍ പറയുന്നു. വിഡ്ഢികളെ എങ്ങനെ തിരുത്താനാകുമെന്നും കോടതി ചോദിച്ചു.

റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ്‌ രാമചന്ദ്രന്‍നായരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ വ്യാഴാഴ്ചയാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. വിധി പുറപ്പെടുവിച്ച ശേഷം ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ കോടതിക്ക് പുറത്ത്‌ വിധിയെ ന്യായീകരിച്ചുവെന്ന ആരോപണമാണ്‌ സര്‍ക്കാര്‍ ഉന്നയിച്ചത്.

വെബ്ദുനിയ വായിക്കുക