വരദരാജനെതിരെ പരാതി: സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശ്രീധരന്‍ പുറത്ത്
വെള്ളി, 29 മാര്‍ച്ച് 2013 (17:34 IST)
PRO
PRO
സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനെതിരെ പരാതി നല്‍കിയ പാര്‍ട്ടി അംഗത്തെ സിപിഎം പുറത്താക്കി. ദേശാഭിമാനി മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് പി ശ്രീധരനെയാണ് പുറത്താക്കിയത്. വ്യാഴാഴ്ച അവസാനിച്ച പാര്‍ട്ടി സംസ്്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജരും സംസ്ഥാന കമ്മിറ്റിയംഗവുമാണ് വരദരാജന്‍. വരദരാജനെതിരെ സ്വഭാവദൂഷ്യമടക്കമുളള കുറ്റങ്ങളാരോപിച്ചാണ് എസ്പി ശ്രീധരന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയിലെ വിവരങ്ങള്‍ പിന്നീട് ഊമക്കത്തായി പ്രചരിച്ചു. തനിക്ക് കിട്ടിയ കത്ത് സംസ്ഥാന കമ്മിറ്റിയംഗം ജെ മേഴ്‌സിക്കുട്ടിയമ്മ നേതൃത്വത്തിന് കൈമാറി. ഇതേ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണത്തിന് കമ്മീഷനെ വെച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ വരദരാജനെ കുറ്റവിമുക്തമാക്കി.
ഇതിന്റെ പേരില്‍ മേഴ്‌സിക്കുട്ടിയമ്മയെ ശാസിക്കുകയും, പരാതി നല്‍കിയ എസ് പി ശ്രീധരനോട് വിശദീകരണം തേടുകയും ചെയ്തു. വിശദീകരണം തൃപ്തികരമല്ലെന്നും വരദരാജനെതിരായ പരാതി ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീധരനെ പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം ഇന്നലെത്തെ സംസ്ഥാന കമ്മിറ്റിയില്‍ വെച്ച് അംഗീകാരം നേടുകയായിരുന്നു.
കണ്ണൂര്‍ ചെറുതാഴം സ്വദേശിയായ ശ്രീധരന്‍ വ്യവസായ വകുപ്പില്‍നിന്ന് വിരമിച്ചയാളാണ്. പാര്‍ട്ടി പോഷക സംഘടനയായ കെജിഒഎ നേതാവായിരുന്ന അദ്ദേഹം ദിനേശ് ബീഡി സഹകരണ സംഘത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി മുഖപത്രത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ശേഷം ദേശാഭിമാനി ബ്രാഞ്ചിലായിരുന്നു പാര്‍ട്ടി അംഗത്വം.