വയസ് 97; എന്നിട്ടും രാഘവന്‍ മാസ്റ്റര്‍ ഈണമിട്ടു!

തിങ്കള്‍, 25 ഏപ്രില്‍ 2011 (14:24 IST)
PRO
മലയാള ചലച്ചിത്രഗാന മേഖലയില്‍ തങ്ങളുടേതായ വഴി വെട്ടിത്തെളിയിച്ച അപൂര്‍വ പ്രതിഭകളായ രാഘവന്‍ മാസ്റ്ററും കെജെ യേശുദാസും നീണ്ട ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചു. ഞായറാഴ്ച രാവിലെ നടന്ന ഈ ഒരുമിക്കലിന് രാഘവന്‍ മാസ്റ്ററുടെ വീടായ ‘ശരവണം’ സാക്‌ഷ്യം വഹിച്ചു. പ്രസിദ്ധ നാടകകൃത്തായ കെടി മുഹമ്മദ് രചിച്ച ‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ’ എന്നു തുടങ്ങുന്ന വരികള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ പകര്‍ന്ന ഈണത്തിനനുസരിച്ച് പാടാനാണ് യേശുദാസ് ശരവണത്തില്‍ എത്തിയത്.

തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ശരവണത്തില്‍ വിശ്രമജീവിതം നയിക്കുന്ന രാഘവന്‍ മാസ്റ്റര്‍ക്കിപ്പോള്‍ 97 വയസുണ്ട്. യേശുദാസിനാകട്ടെ 70 വയസും. ഈ വയസിലും സംഗീതസംവിധാനം നിര്‍വഹിക്കുന്ന ലോകത്തിലെ ഏക സംവിധായകനെന്ന ബഹുമതിക്കായി ഗിന്നസ്‌ ബുക്കിലേക്ക്‌ പ്രവേശനം കാത്തിരിക്കുകയാണ്‌ രാഘവന്‍ മാസ്റ്റര്‍. സംഗീതം തപസ്യയാക്കിയവര്‍ക്ക്‌ ഒരിക്കലും പ്രായം തടസ്സമല്ലെന്നും സംഗീതം സംഗീതം മാത്രമാണെന്ന്‌ അറിയുക അപ്പോഴാണെന്നും യേശുദാസ്‌ പറഞ്ഞു. ഇനിയും നിരവധി ഗാനങ്ങള്‍ക്ക്‌ സംഗീതം പകരാന്‍ മാസ്റ്റര്‍ക്ക്‌ കഴിയട്ടേയെന്നും യേശുദാസ്‌ ആശംസിച്ചു.

മണ്‍‌മറഞ്ഞ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവല്‍ പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തികവില്‍ സിനിമയാകുമ്പോള്‍ ഈ ഗാനം അതില്‍ ഇടം പിടിക്കും. ഇതിലെ നായക കഥാപാത്രമായ മജീദിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ബഷീറിന്റെ മതിലുകള്‍ സിനിമയാക്കിയപ്പോഴും മമ്മൂട്ടിയായിരുന്നു നായകന്‍. മജീദിന്റെ വിഭിന്നമായ ജീവിത ഘട്ടങ്ങളിലൂടെയാണ്‌ സിനിമ കടന്നുപോകുന്നത്‌. 1967-ല്‍ പ്രേംനസീര്‍ മുഖ്യകഥാപാത്രമായി വേഷമിട്ട ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം ബാല്യകാലസഖി പുറത്തിറങ്ങിയിരുന്നു.

‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’ എന്ന് തുടങ്ങുന്ന സുപ്രസിദ്ധ ലളിതഗാനം ഈ സിനിമയില്‍ റീമിക്സ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. ഒ എന്‍ വി കുറുപ്പിന്റെ വരികളെ ജി ദേവരാജന്‍ ചിട്ടപ്പെടുത്തി ജയചന്ദ്രന്‍ പാടിയ ഈ ലളിതഗാനം എക്കാലത്തെയും മധുരഗാനങ്ങളില്‍ ഒന്നാണ്. കെടി മുഹമ്മദിന്റെ വരികള്‍ക്ക്‌ കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന മറ്റൊരു ഗാനവും ബാല്യകാലസഖിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. ഷഹബാസ്‌ അമന്‍ ആണ്‌ സംഗീത സംവിധായകന്‍.

ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ്‌ മീഡിയായുടെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും. മജീദിന്റെ കാമുകിയായ സുഹറയെ അവതരിപ്പിക്കുക ആരെന്ന് അറിവായിട്ടില്ല. എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ - എംബി മൊഹ്‌സിന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഇടയത്ത്‌ രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ആന്റോ ജോസഫ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഇക്ബാല്‍ പാനായിക്കുളം. പിആര്‍ഒ - എഎസ്‌ ദിനേശ്‌.

വെബ്ദുനിയ വായിക്കുക