വധശിക്ഷ വിധിക്കാനുള്ള വിവേചനാധികാരം ജഡ്ജിമാര്‍ക്കാണെന്ന് ജസ്റ്റിസ് കെ ടി തോമസ്
ചൊവ്വ, 4 ജൂണ്‍ 2013 (13:35 IST)
PTI
PTI
വധശിക്ഷ വിധിക്കാനുള്ള വിവേചനാധികാരം ജഡ്ജിമാര്‍ക്കാണെന്ന് ജസ്റ്റിസ് കെ ടി തോമസ്. ജഡ്ജ് കേന്ദ്രീകൃതമായ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വധശിക്ഷയും ജഡ്ജ് കേന്ദ്രീകൃതമാണ്. തന്‍റെ വ്യക്തിപരമായ നിലപാടില്‍ വധശിക്ഷ എന്നത് ജുഡീഷ്യല്‍ കൊലപാതകമാണ്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടികാട്ടിയത്.
പല കേസുകളുടെയും വിധികളുടെയും സ്വഭാവം പഠിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നത്. രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാണമെന്നതിന്റെ പശ്ചാത്തലത്തില്‍ വധശിക്ഷ തികച്ചും ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ജസ്റ്റിസ് കെടി തോമസ് അഭിപ്രായപ്പെട്ടിരുന്നു. 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളെ ഇനി വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ മുന്‍കാല ചരിത്രവും സ്വഭാവും പരിഗണിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാജീവ് ഗാന്ധി വധക്കേസില്‍ ഇക്കാര്യങ്ങളൊന്നും പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് ബച്ചന്‍ സിങ് കേസിലുണ്ടായത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് ബച്ചന്‍ സിങിന്റെ കേസിനെ ഭരണഘടന ബെഞ്ച് വിലയിരുത്തിയത്. മാത്രവുമല്ല അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്കു മാത്രം വധശിക്ഷ നല്‍കിയാല്‍ മതിയെന്ന ഉത്തരവും സുപ്രീം കോടതി പുറപ്പെടുവിച്ചു. എന്നാല്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം ജസ്റ്റിസ് സിന്‍ഹ ആ കാലഘട്ടത്തിലുള്ള കേസുകളെല്ലാം ഈ ഉത്തരവില്‍ നിന്നും വ്യതിചലിക്കുന്നതായി കണ്ടെത്തി.
ഇന്ത്യയില്‍ പതിമൂന്ന് പ്രതികള്‍ക്ക് സുപ്രീം കോടതി നല്‍കിയ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 2012 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച 14 ജഡ്ജിമാര്‍ പ്രസിഡന്റിന് കത്തയച്ചിരുന്നു. ഇതില്‍ യാതൊരു തെറ്റുമില്ലെന്നും അവരില്‍ ഒരാളാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം മാത്രമാണുള്ളതെന്നും കെടി തോമസ് പറഞ്ഞു.
അഭിമാനക്കൊലയിലെ പ്രതിയ്ക്ക് ജസ്റ്റിസ് കട്ജു വധശിക്ഷ വിധിച്ചു. അതേസമയം, പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കാമെന്ന് ജസ്റ്റിസ് എസ്ബി സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസുകളില്‍ കീഴ്‌ക്കോടതി വെറുതെ വിടുകയും പിന്നീട് കുറ്റക്കാരനെന്ന് തെളിയുകയും ചെയ്യുന്ന പ്രതിയ്ക്ക് വധ ശിക്ഷ നല്‍കാമെന്ന് ജസ്റ്റിസ് പസയത്തും നിരീക്ഷിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ വധശിക്ഷാ വിധി ജഡ്ജ് കേന്ദ്രീകൃതമായിരിക്കുന്നുവെന്ന് കണ്ടെത്താം. ജഡ്ജിന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.