വകുപ്പുമാറ്റം മുഖ്യമന്ത്രിയുടെ ചെപ്പടിവിദ്യ: ജി സുകുമാരന്‍ നായര്‍
വ്യാഴം, 12 ഏപ്രില്‍ 2012 (14:07 IST)
PRO
PRO
സംസ്ഥാന മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയുള്ള മുഖ്യമന്ത്രിയുടെ ചെപ്പടിവിദ്യകൊണ്ട് സാമുദായിക സന്തുലിതാവസ്ഥ ഉണ്ടാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്ത്രിസഭയില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ അസന്തുലിതാവസ്‌ഥ തുടരുകയാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
വകുപ്പുകള്‍ മാറ്റിയതുകൊണ്ട് ഒരു ശതമാനം പോലും സാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ യുഡിഎഫ് ഭരിക്കട്ടെ, തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ കാണാം. നെയ്യാറ്റിന്‍കരയിലെ നിലപാട് പിന്നീട് തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിലെ കഴിവുകേടു മറയ്‌ക്കാനാണ് മുഖ്യമന്ത്രി വകുപ്പുകള്‍ മാറ്റിയിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് ത്യാഗം നടത്തിയ മുഖ്യമന്ത്രി തന്റെ വിശ്വസ്‌തനാണ് വകുപ്പ് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയെ വെറും നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ നടത്തുന്നത്. കേരളം ഭരിക്കുന്നത് കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ്. ഇത്തരമൊരു സാഹചര്യം ഇടത് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ല- സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം സി പി എം നേതാവ് എം വിജയകുമാര്‍ എന്‍ എസ് എസ് അസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് എന്‍ എസ് എസ് പിന്തുണ വാഗ്ദാനം നല്‍കിയതായാണ് സൂചന.