ലോ അക്കാദമി വിഷയം വഷളായതിനെ തുടർന്ന് ക്ലാസുകൾ അനിശ്ചിതകാലത്തേക്കു നീട്ടി. ഇന്നു തുടങ്ങാനിരുന്ന ക്ലാസുകൾ ഇനി വിഷയത്തിൽ ഒരു തീരുമാനമാകുന്നതുവരെ തുറക്കില്ലെന്ന് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് നിർണായകമായ കേരള സർവകലാശാല സിൻഡിക്കറ്റ് യോഗം ഇന്ന് ചേരാനിരിക്കവേയാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം.
കോൺഗ്രസിനും ബി ജെ പിക്കുമൊപ്പം സി പി ഐയും പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സി പി എമ്മും സർക്കാരും തീർത്തും ഒറ്റപ്പെടുകയാണ് ചെയ്തത്. സിൻഡിക്കറ്റ് യോഗത്തിനു മുൻപ് കോൺഗ്രസ് അംഗങ്ങളുടെ യോഗം കെ പി സി സിയിൽ ചേരും.
നിരാഹാരസമരം തുടരുന്ന കെ മുരളീധരൻ എം എൽ എയ്ക്കു പിന്തുണയുമായി എ കെ ആന്റണി എത്തിയിരുന്നു. കോളജ് തുറക്കുകയാണെങ്കിൽ ഉപരോധിക്കുമെന്ന് കെഎസ്‌യുവും എബിവിപിയും മുന്നറിയിപ്പുനൽകിയിരുന്നു. അതേസമയം, കോളജ് അടച്ചിടാൻ മുൻകയ്യെടുത്തവർക്കു വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് വി എസ് അചുതാനന്ദൻ വിഷയത്തോട് പ്രതികരിച്ചു.