ലോനപ്പന്‍ നമ്പാടന് നാടിന്റെ അന്ത്യാഞ്ജലി

വ്യാഴം, 6 ജൂണ്‍ 2013 (18:27 IST)
PRO
PRO
മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാടന്റെ (78) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇരിലക്കുട ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്തുംനിന്നും നിരവധിപേരാണ് എത്തിയത്. തുടര്‍ന്ന് 12. 30ഓടെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വൈകീട്ട് പേരാമ്പ്രയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 2.10ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ ആനിയും മക്കളും അടുത്തുണ്ടായിരുന്നു.

കുറച്ചുകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബുധനാഴ്ച വൈകിട്ട് ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയി. അങ്കമാലിയിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി ഏഴരയോടെ ജന്മദേശമായ കൊടകര പേരാമ്പ്രയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ പകല്‍12 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം 12.30ന് വീട്ടിലെത്തിച്ചു.

കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ 1935 നവംബര്‍ 13ന് നമ്പാടന്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായി ജനിച്ചു. 1958ല്‍ കൊടകര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനി ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ ഹോര്‍മിസ് എബ്രഹാം (ചേര്‍ത്തല), തോമസ് ജോസ് (മാലി റിപ്പബ്ലിക്)

വെബ്ദുനിയ വായിക്കുക