ലോക്സഭ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കില്ല

ശനി, 15 മാര്‍ച്ച് 2014 (18:53 IST)
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിനുള്ള തീരുമാനം ഐഎന്‍എല്‍ ഉപേക്ഷിച്ചു. ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടെന്നു ധാരണയായി. ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നത് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സിപിഎം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പിന്മാറ്റം.

മുന്നണി പ്രവേശനം എല്‍ഡിഎഫ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതു ബന്ധം അവസാനിപ്പിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഐഎന്‍എല്‍ അറിയിച്ചു.

ഒറ്റയ്ക്കു മത്സരിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പിലിനെ ഫോണില്‍ വിളിച്ചാണ് മത്സരിക്കുന്നതില്‍ നിന്നു പിന്മാറണമെന്ന ആവശ്യം പിണറായി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പുതിയവളപ്പിലിന്റെ വീട്ടില്‍ എത്തി സിപിഎം സംസ്ഥാന സമിതിയംഗം എംവി ജയരാജനും ചര്‍ച്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക