ലൈംഗിക പീഡനം: ഏത് പുരുഷനെയും പ്രതിയാക്കാമെന്നുള്ളതാണ് സ്ഥിതിയെന്ന് ഹൈക്കോടതി
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (16:48 IST)
PRO
PRO
ഒരു പെണ്‍കുട്ടി തനിക്ക് എതിരെ ലൈംഗിക പീഡനം ഉണ്ടെന്ന് ആരോപിച്ചാല്‍ ഏത് പുരുഷനെയും പ്രതിയാക്കാമെന്നുള്ളതാണ് സ്ഥിതിയെന്ന് ഹൈക്കോടതി. കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ജസ്റ്റിസ് പി ഭവദാസന്‍ ഉത്തരവ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി 2012-ല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ നിയമമാണ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമായത്.
എറണാകുളം ജില്ലയിലെ വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ബേബി നല്‍കിയ ജാമ്യാപേക്ഷയാണ് അതിസൂക്ഷ്മമായി ഹൈക്കോടതി പരിശോധിച്ചത്. പ്രസ്തുത കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന പോലീസ് കേസുകള്‍ സംസ്ഥാനത്ത് ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ശിശുക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പലപ്പോഴും പീഡനക്കേസുകള്‍ പൊക്കിക്കൊണ്ടുവരുന്നത്. ശിശുക്ഷേമ സമിതി പരാതി പരിശോധിക്കുന്നു. അത് പിന്നീട് പോലീസിന് കൈമാറുന്നു. അതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
പെണ്‍കുട്ടി വിരല്‍ ചൂണ്ടിക്കാണിക്കുന്നവര്‍ ജയിലില്‍ പോകുന്നതാണ് സ്ഥിതി. ശിശുക്ഷേമ സമിതി നല്‍കുന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നില്ല. അതിന് പ്രാരംഭ അന്വേഷണം ആവശ്യമാണ്. പക്ഷെ അങ്ങനെയൊരു സംവിധാനം കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ കേസിലെ പെണ്‍കുട്ടിയെ രണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ചതായി രേഖകള്‍ ഉണ്ട്. എന്നാല്‍ ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ ഒന്നുംതന്നെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്‍ കാണുന്നില്ല. ഇത്തരം കേസുകള്‍ പരിശോധിച്ചാല്‍ പുരുഷന്മാര്‍ക്കെല്ലാം അപകടകരമായ സ്ഥിതി ഉള്ളതായി കാണാം. ആരെയും പ്രതിയാക്കാം എന്നുള്ള സ്ഥിതിയാണ് നിലവിലുള്ളത്. ശിശുക്ഷേമ സമിതി ഒരു പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും ഗൗരവപ്പെട്ട രീതിയില്‍ ഇതേക്കുറിച്ച് കൂടിയാലോചനയും പരിഗണനയും ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.