ലിജിനെ കൊന്നത് താന്‍ തന്നെയെന്ന് സഹപാഠി!

ചൊവ്വ, 8 മെയ് 2012 (17:55 IST)
PRO
PRO
കുട്ടനാട്ടിലെ ചാത്തങ്കരി പുളിക്കീഴ്‌ നമ്മനശേരി മന്നത്തുപറമ്പില്‍ വര്‍ഗീസ്‌ മാത്യുവിന്റെ (പൊന്നച്ചന്‍) മകന്‍ ലിജിന്‍ വര്‍ഗീസിനെ (15) കൊലപ്പെടുത്തിയത് താനാണെന്ന് സഹപാഠിയായ അരുണ്‍ പൊലീസിനോട് വെളിപ്പെടുത്തി. അരുണിന്റെ അച്ഛന്‍ അജിയെ ചോദ്യം ചെയ്ത പൊലീസ് ചങ്ങനാശ്ശേരിയില്‍ വച്ച് അരുണിനെ തന്ത്രപൂര്‍‌വം പിടികൂടുകയായിരുന്നു. കൊല ചെയ്യാനുപയോഗിച്ച കത്തിയും പോലീസ്‌ വിദ്യാര്‍ഥിയില്‍ നിന്ന്‌ കണ്ടെടുത്തു.

സ്കൂളില്‍ വെച്ചുണ്ടായ വിരോധമാണ്‌ കൊലയ്ക്ക്‌ കാരണമെന്നാണ്‌ വിദ്യാര്‍ഥി പോലീസിനോട്‌ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ എന്താണ് കാരണമെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്കൂളിലെ വിരോധം ഇത്ര ക്രൂരമായ കൊലയില്‍ കലാശിച്ചു എന്ന് അരുണ്‍ പറഞ്ഞത് പൊലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല. അരുണിന്റെ അച്ഛന് ഈ കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നും സ്കൂളിലെ വിരോധം അല്ലാതെ മറ്റേതെങ്കിലും കാരണം കൊലയ്ക്ക് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

ബന്ധപ്പെട്ട്‌ അരുണി‍ന്റെ അച്ഛന്‍ മുട്ടാര്‍ കുന്നുകണ്ടത്തില്‍ അജിയെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്. കൊല്ലപ്പെട്ട ലിജിനും കസ്റ്റഡിയിലുള്ള അജിയുടെ മകന്‍ അരുണും അടുത്ത സുഹൃത്തുക്കളാണ്‌. പത്താം ക്ലാസിലെ ആദ്യദിനമായ തിങ്കളാഴ്ച അരുണിന്റെ വീട്ടില്‍ ലിജിന്‍ എത്തിയിരുന്നു. ലിജിന്‍ ഉച്ചഭക്ഷണം കഴിച്ചതും അരുണിന്റെ വീട്ടില്‍ നിന്നാണ്. എന്നാല്‍ ലിജിന്‍ വീട്ടിലെത്തിയ കാര്യം അരുണോ അരുണിന്റെ അച്ഛനായ അജിയോ നാട്ടുകാരോട് പറഞ്ഞിരുന്നില്ല.

അജിയുടെയും അരുണിന്റെയും വീട്ടില്‍ ലിജിന്‍ എത്തിയ വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അരുണിനെ കാണാനെത്തിയ പൊലീസിനൊട് അജി പറഞ്ഞത് അരുണ്‍ എവിടെയാണെന്ന് അറിയില്ല എന്നാണ്. ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ അജിയുടെ സ്വന്തം വീട്‌ സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട്ടേയ്ക്ക്‌ പോയെന്ന്‌ പിന്നീട്‌ അജി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് വീശിയ വലയിലാണ് അരുണ്‍ കുടുങ്ങിയത്.

നാട്ടുകാരും ലിജിന്റെ ബന്‌ധുക്കളും അടങ്ങിയ സംഘം രാത്രി 11.15-ഓടെ സ്കൂളില്‍ നടത്തിയ തിരച്ചിലിലാണ്‌ സ്കൂളിന്റെ തെക്കേയറ്റത്തെ ഇടനാഴിയില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. തല വേര്‍പെട്ടിട്ടില്ല. കണ്ണുകള്‍ രണ്ടും പുറത്തേക്ക്‌ തള്ളിയ നിലയിലാണ്‌. സ്കൂള്‍ ബാഗ് തോളില്‍ ഇട്ട നിലയിലായിരുന്നു മൃതദേഹം.

കൊച്ചുറൌഡി ആയിട്ടാണ് സ്കൂളില്‍ അരുണ്‍ അറിയപ്പെട്ടിരുന്നത്. വടിവാളുമായി സ്കൂളില്‍ എത്തിയതിന്‌ നേരത്തെ ഈ വിദ്യാര്‍ഥിയെ അധ്യാപകര്‍ താക്കീത്‌ ചെയ്തിട്ടുണ്ടെന്നും ആക്സോബ്ലേഡ്‌ പോലെ മൂര്‍ച്ചയേറിയ വസ്തുക്കള്‍ വിദ്യാര്‍ഥി പതിവായി ബാഗില്‍ കൊണ്ടു നടക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക