ലാവ്‌ലിന്‍ കേസ്: കാര്‍ത്തികേയനെതിരെ തെളിവില്ലെന്ന് സിബിഐ

വ്യാഴം, 24 മാര്‍ച്ച് 2011 (12:59 IST)
PRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സി ബി ഐ. ലാവ്‌ലിന്‍ കേസിലെ പണമിടപാട് സംബന്ധിച്ച
തുടരന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സി ബി ഐ അറിയിച്ചു.

കൊച്ചി സി ബി ഐ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിഗണിക്കുമെന്നും സി ബി ഐ പറഞ്ഞു. സി ബി ഐ ഡെപ്യൂട്ടി സൂപ്രണ്ട്‌ വൈ ഹരികുമാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം നന്ദകുമാറിന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു തുടര്‍ നടപടി.

സത്യവാങ്മൂലത്തില്‍ കാര്‍ത്തികേയന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. പകരം, തെളിവുകളുടെ അഭാവത്തില്‍ കുറ്റപത്രത്തില്‍ നിന്ന് നേരത്തെ ഒഴിവാക്കിയവര്‍ക്കെതിരെ പുതുതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്‌ അന്വേഷണത്തെ ബാധിക്കില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. കേസ്‌ മെയ്‌ 24 ന്‌ വീണ്ടും പരിഗണിക്കും.

നേരത്തെ കേസ് അന്വേഷിച്ച അശോക് കുമാറിനെ തന്നെ കേസിന്റെ അന്വേഷണം വീണ്ടും ഏല്‍പിക്കണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക