റഷ്യയില്‍ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടുപെട്ടി!

ശനി, 3 മാര്‍ച്ച് 2012 (10:55 IST)
PRO
PRO
റഷ്യയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലുള്ള റഷ്യക്കാരും വോട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരുക്കിയ ബൂത്തില്‍ നിന്നാണ് ഇവര്‍ വോട്ടുചെയ്തത്. കേരളത്തില്‍ സ്ഥിരതാമസക്കാരാക്കിയ റഷ്യക്കാരും റഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമാണ് ഇവിടെ നിന്ന് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗോര്‍ക്കിഭവനിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍ അന്‍പതോളം റഷ്യക്കാര്‍ വോട്ട്‌ രേഖപ്പെടുത്തി.

ഇതാദ്യമായാണ് റഷ്യന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കേരളത്തില്‍ പോളിംഗ്‌ ബൂത്ത്‌ ഏര്‍പ്പെടുത്തിയത്‌. കേരളത്തിനു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൂടംകുളം എന്നിവിടങ്ങളിലും റഷ്യക്കാര്‍ക്കു വോട്ടു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. വളരെ അപൂര്‍വമായാണു രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്‌. വോട്ടര്‍മാരെ വോട്ടിംഗ്‌ സമയവും തീയതിയും മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഓണററി കോണ്‍സല്‍ രതീഷ്‌ സി നായര്‍ പറഞ്ഞു.

മാര്‍ച്ച്‌ നാലിന് നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്ലാഡ്മിര്‍ പുടിന്‍ മത്സരിക്കുന്നുണ്ട്.‍ തെരഞ്ഞെടുപ്പില്‍ പുടിന്റെ വിജയം ഉറപ്പാണെന്നാണു പൊതുവേ കരുതപ്പെടുന്നത്‌. എന്നാല്‍ അടുത്തയിടെ അദ്ദേഹത്തിനെതിരെ മോസ്കോയിലും പരിസരത്തും പ്രകടനങ്ങള്‍ നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക