രാത്രിയാത്രാ വിവാദം: കേന്ദ്രസര്‍ക്കാരിനെയും കക്ഷിചേര്‍ത്തു

ബുധന്‍, 9 ഫെബ്രുവരി 2011 (15:00 IST)
രാത്രിയാത്രാ നിരോധന കേസില്‍ കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതി കക്ഷി ചേര്‍ത്തു. കോഴിക്കോട് - മൈസൂര്‍ ദേശീയ പാതയില്‍ ബന്ദിപുര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇത്.

കേരളത്തിന്റെ ആവശ്യം അനുസരിച്ചാണ് ഇത്. ജസ്റ്റിസുമാരായ പി സദാശിവം, അശോക് കുമാര്‍ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയത്തെയും ഉപരിതല ഗതാഗതവകുപ്പിനെയും കേസില്‍ കക്ഷി ചേര്‍ത്തത്.

നാല് ആഴ്ചയ്ക്കകം രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് രണ്ടു മന്ത്രാലയങ്ങളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടാല്‍ അത് കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേരളത്തില്‍ ഭക്‌ഷ്യോല്പാദനം കുറവായതിനാല്‍ ആണിത്.

സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ആയിരുന്നു കേരളം ബദല്‍ റോഡിന്റെ ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.

വെബ്ദുനിയ വായിക്കുക