രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരി തെളിയും

ബുധന്‍, 4 ഡിസം‌ബര്‍ 2013 (14:41 IST)
PRO
PRO
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരി തെളിയും. പതിനെട്ടാമത് മേളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തിരിതെളിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിക്കും. നടി ശബാന ആസ്മി മുഖ്യാതിഥി ആയിരിക്കും.

മേളയുടെ കാറ്റലോഗ് പ്രകാശനം മന്ത്രി വി എസ് ശിവകുമാര്‍ മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കും. സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. ചലചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, മേയര്‍ അഡ്വ. കെ ചന്ദ്രിക, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്നതോടനുബന്ധിച്ചുള്ള പരിപാടികളും അരങ്ങേറും. തുടര്‍ന്ന് ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടെ ‘അന അറേബ്യ’ ഉത്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില്‍ 83 സിനിമകള്‍ ആണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. കിംകിഡുക്കിന്റെ ‘മോബിയസ്‘, ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ‘ക്ലോസ്ഡ് കര്‍ട്ടന്‍‘ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാനില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ അമത് എസ്കലാന്റയുടെ ‘ഹേലി‘യും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മയക്കുമരുന്ന്-ലൈംഗിക ചൂഷണങ്ങള്‍, പ്രേമം, പ്രതികാരം തുടങ്ങിയവ പ്രമേയമാക്കിയ ചിത്രമാണിത്.

50 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ നിന്ന് ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ‘സിന്ദാ ബാഗ്‘ മേളയ്ക്കെത്തുന്നുണ്ട്. സമകാലീന പാക് യുവത്വത്തിന്റെ ജീവിതത്തിലൂടെ കണ്ണോടിക്കുന്നതാണ് ഈ ഹാസ്യചിത്രം.

തോമസ് വിന്റര്‍ബര്‍ഗിന്റെ ഹൊറര്‍ ചിത്രമായ ‘ദി ഹണ്ട്’, പുരാതന നഗരമായ റോം കഥാപാത്രമാകുന്ന ദി ഗ്രേറ്റ് ബ്യൂട്ടി തുടങ്ങിയവയും മേളയ്ക്കുണ്ട്. പൌലോ സൊറെന്റിനോ സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ബ്യൂട്ടി‘ നിരവധി രാജ്യാന്തര മേളകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

ക്രൊയേഷ്യന്‍ സംവിധായകനായ ബ്രസന്റ് ഒരുക്കിയ ഹാസ്യചിത്രം ‘ദി പ്രീസ്റ്റ്സ് ചില്‍ഡ്രന്‍’ ഒരു ദ്വീപില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പുരോഹിതനായ ഒരാള്‍ നടത്തുന്ന ശ്രമങ്ങളാണ്.

58 രാജ്യങ്ങളില്‍ നിന്നായാണ് 83 ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഇതില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളുമുണ്ട്.

വെബ്ദുനിയ വായിക്കുക