രണ്ട് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി

ശനി, 18 ഏപ്രില്‍ 2009 (10:14 IST)
കേരളത്തിലെ രണ്ട് ബൂത്തുകളില്‍ അടക്കം രാജ്യത്തെ 46 ബൂത്തുകളില്‍ റീപോളിംഗ് നടക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ ബേപ്പൂരിലും, ആലപ്പുഴ മണ്ഡലത്തിലെ കായംകുളത്തും ആണ് കേരളത്തില്‍ പോളിംഗ് നടക്കുന്നത്.

വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ വ്യാഴാഴ്ച വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. തുടര്‍ന്നാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. ബേപ്പൂര്‍ ഗവ. എല്‍ പി സ്കൂളിലെ മുപ്പത്തിന്നാലാം നമ്പര്‍ ബൂത്തിലും കായംകുളം കൃഷ്‌ണപുരം കാപ്പില്‍കിഴക്ക്‌ സി എം എസ് എല്‍ പി സ്കൂളിലെ ഒരു ബൂത്തിലുമാണ്‌ പോളിംഗ് നടക്കുന്നത്‌.

ആദ്യ രണ്ട് മണിക്കൂറില്‍ ബേപ്പൂരില്‍ എട്ട് ശതമാനം പേരും കായംകുളത്ത് 21 ശതമാനം പേരും വോട്ട് ചെയ്തതായാണ് വിവരം. ആദ്യമണിക്കൂറില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ബൂത്തുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ചെയ്യുന്ന വോട്ട് ബി എസ് പി സ്ഥാനാര്‍ത്ഥിയ്ക്ക് പതിയുന്നു എന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ബേപ്പൂരില്‍ വോട്ടിംഗ് തടസപ്പെട്ടത്. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യപ്പെടുന്ന വോട്ട് ബി എസ് പി സ്ഥാനാര്‍ത്ഥിക്കും, ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് ഇടതുപക്ഷ വിമത സ്ഥാനാര്‍ത്ഥിക്കും ആയിരുന്നു ലഭിച്ചത്.

വെബ്ദുനിയ വായിക്കുക