രണ്ടാം ഭൂപരിഷ്ക്കരണം നടപ്പായില്ല - കമ്മിഷന്‍

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2008 (12:25 IST)
കേരളത്തില്‍ രണ്ടാം ഭൂപരിഷ്ക്കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അഖിലേന്ത്യാ ഭൂപരിഷ്ക്കരണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ.രാജഗോപാല്‍ പറഞ്ഞു.

കേരളത്തിലെതുപോലെ തന്നെ ഇന്ത്യയിലെല്ലായിടത്തും ഭൂരഹിതര്‍ക്ക് ഭൂമി നേടിക്കൊടുക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനം‌തിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. രാജഗോപാല്‍.

ചെങ്ങറയില്‍ നടക്കുന്ന ഭൂ സമരത്തിനെതിരെ ഹാരിസണ്‍ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തിനെതിരെ പ്രതിഷേധിക്കാനാണ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്. ചെങ്ങറയിലെ ഭൂമി പ്രശ്നം വളരെ വലുതാണ്. ഈ സമരം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധിയില്‍പ്പെടുത്തുമെന്നും രാജഗോപാല്‍ പറഞ്ഞു.

കെ. അജിത, സി.പി. ജോണ്‍, പി.സി ജോര്‍ജ് എം.എല്‍.എ തുടങ്ങി നിരവധിപേര്‍ സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഉപരോധ സമരത്തിന് ശേഷം ഇവര്‍ ചെങ്ങറയിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ തടയുമെന്ന് ഉപരോധ സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. ഇത് സംഘര്‍ഷത്തിന് കാരണമായേക്കും.

ഇത് മുന്‍‌കൂട്ടി കണ്ട് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.