യുദ്ധക്കപ്പല്‍ അണിയിച്ചൊരുക്കാനായ് ബേപ്പൂര്‍

Webdunia
ചൊവ്വ, 4 ജനുവരി 2011 (15:00 IST)
PRO
ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ കേന്ദ്രത്തിന്‌ തറക്കല്ലിട്ടു. രൂപകല്‍പ്പനാ കേന്ദ്രത്തോടൊപ്പം ഇവിടെ ട്രെയിനിംഗ് സെന്‍ററുമുണ്ടായിരിക്കും. രണ്ടാംഘട്ടത്തില്‍ കപ്പല്‍നിര്‍മ്മാണവും ഇവിടെ ആരംഭിക്കും.

ഉരുവിന് പ്രസിദ്ധമായ ബേപ്പൂരില്‍ ഉരുവിന്റെ തിളക്കത്തിന് മങ്ങലേറ്റപ്പോഴാണ് യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രം വരുന്നത് ശ്രദ്ധേയമാണ്. നഷ്ടപ്രതാപം തിരിച്ചെടുക്കാനുള്ള അവസരമായാണ് ബേപ്പൂരുകാര്‍ ഈ പദ്ധതിയെ കാണുന്നത്.

വികസനപദ്ധതികള്‍ വരുമ്പോള്‍ സാധാരണ പ്രകടമാകുന്ന എതിര്‍പ്പോ പരിസ്‌ഥിതി പ്രശ്‌നങ്ങളോ ഈ നിര്‍ദേശത്തിന്റെ പേരില്‍ ഉന്നയിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി കടലുണ്ടി പഞ്ചായത്തില്‍ സമാന്തരമായി മറ്റൊരു വികസനപാക്കേജ്‌ നടപ്പാക്കും.

അവികസിതമായി കിടക്കുന്ന കടലുണ്ടിയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ്‌ തയ്യാറാക്കിയിട്ടുള്ളത്. സംസ്‌ഥാനസര്‍ക്കാരും കേന്ദ്ര പ്രതിരോധവകുപ്പും ചേര്‍ന്നാണ്‌ ഇതിനുള്ള പണം കണ്ടെത്തുക.

സംസ്ഥാനസര്‍ക്കാര്‍ വക 42 ഏക്കര്‍ ഭൂമിയാണ് ഇതിനായി പ്രതിരോധ വകുപ്പിനു കൈമാറിയത്. 600 കോടി രൂപ നിര്‍മാണത്തിന്‍റെ ആദ്യഘട്ടത്തിനു കേന്ദ്രം വകയിരുത്തിയത്. ഇതിന്റെ നിര്‍മ്മാണച്ചുമതല മുബൈയിലെ കപ്പല്‍ നിര്‍മാണ ശാലയായ മസഗോണ്‍ ഡോക്കിനാണ്. 18 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഡിസൈനിങ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ യുദ്ധക്കപ്പല്‍ നിര്‍മാണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. ഇപ്പോള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ യുദ്ധക്കപ്പലുകളുടെ രൂപകല്‍പ്പന നടത്തുന്നത്. തദ്ദേശീയമായി നിര്‍മിച്ചവയുണ്ടെങ്കിലും രൂപകല്‍പ്പന നമ്മുടെ സ്വന്തമല്ല. ഇതോടെ പൂര്‍ണമായും ഇന്ത്യയുടേതെന്നു പറയാവുന്ന യുദ്ധക്കപ്പലുകള്‍ കടലിറങ്ങുന്ന കാലമാണു വരാന്‍ പോവുന്നത്.