യാത്രയ്ക്കിടെ സംഘര്‍ഷം; സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്

ബുധന്‍, 21 ഓഗസ്റ്റ് 2013 (18:19 IST)
PRO
PRO
വടകരയ്ക്കടുത്ത് കാക്കുനിയില്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പിറകില്‍ വന്ന ബസിനു സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ഉണ്ടായ വാക്കേറ്റം പിന്നീട് സംഘട്ടനത്തില്‍ കലാശിക്കുകയും അടിപിടിയില്‍ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാക്കുനി വേളം വഴിയോടുന്ന പൊന്നു എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ്‌ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാറിലെ യാത്രക്കാരെ മര്‍ദ്ദിച്ചത്. കാര്‍ യാത്രക്കാരായ വൈക്കിലേരിക്കണ്ടി ബഷീര്‍, ഭാര്യ ഷബാന എന്നിവരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. ബസിലെ ഡ്രൈവര്‍ കാക്കുനി കണ്ണങ്കണ്ടി സമീഷിനും മര്‍ദ്ദനമേറ്റു. മൂവരെയും വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് മുമ്പുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണെന്നാണു പൊലീസ് പറയുന്നത്. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് അസീസ്, അനുജന്‍ നജീബ് എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ടായി. ഇതിനെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പൊന്നു ബസ് ഡ്രൈവര്‍ സമീഷിന്റെ പിതാവ് കുമാരന്‍(50), ബന്ധുവായ വിജേഷ് (30), വിജിലേഷ് (25) എന്നിവരെ മര്‍ദ്ദിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് കുറ്റ്യാടി സിഐ: വിവി ബെന്നിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്‌.

വെബ്ദുനിയ വായിക്കുക