യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണം; പുതുവൈപ്പിലെ പൊലീസ് നടപടികള്‍ നിര്‍ത്തിവെച്ച് സമരത്തെ അനുഭാവപൂര്‍വം പരിഗണിക്കണം: വി എസ്

ഞായര്‍, 18 ജൂണ്‍ 2017 (15:40 IST)
പുതുവൈപ്പിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്നതിനായി മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരത്തെ അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്നും പൊലീസ് തുടര്‍ന്നുകൊണ്ടിരിക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
 
സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് പൊലീസ് നടത്തിയത്. ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്ര റോഡില്‍ ഇറങ്ങിയാണ് പ്രതിഷേധക്കാരായ പുതുവൈപ്പ് നിവാസികളുടെ പിറകെ നടന്ന് ആക്രോശിക്കുകയും അതിക്രൂരമായി അടിക്കുകയും ചെയ്തതെന്നും വി എസ് കത്തില്‍ പറയുന്നു.
 
സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 321 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ അഞ്ചു സ്റ്റേഷനുകളിലേക്കായാണ് കൊണ്ടുപോയത്. പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ ഏഴോളും കുട്ടികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു. 13 വയസിനും ആറുവയസിനും ഇടയില്‍ പ്രായമുളള ഈ ഏഴു കുട്ടികളെയും മാലിപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
നേരത്തെ എറണാകുളം അങ്കമാലിയില്‍ റോഡ് ഉപരോധിച്ച സിപിഐഎം പ്രവര്‍ത്തകരെ നിര്‍ദയമാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിച്ചതച്ചിരുന്നത്. ഈ കിരാതമായ നടപടിക്കെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനും സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബറായിരുന്ന പിണറായി വിജയനും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക