ബി ജെ പി സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കും ഇതുമൂലം സഹകരണ മേഖലയിലുണ്ടായ തിരിച്ചടിക്കുമെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങല കേരളത്തിന്‍റെ പ്രതിഷേധത്തിന്‍റെ നേര്‍ചിത്രമായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു മനുഷ്യച്ചങ്ങല.
കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം രക്ഷപ്പെടുകയും രാജ്യം കുളം തോണ്ടപ്പെടുകയും ചെയ്തു എന്ന് വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചു. സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പടെയുള്ള ഇടത് അനുഭാവ സംഘടനകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്നു.
എറണാകുളത്ത് എം എ ബേബി, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എ കെ ബാലന്‍, കോഴിക്കോട് തോമസ് ഐസക്, കൊല്ലത്ത് പി കെ ഗുരുദാസന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കണ്ണൂരില്‍ ഇ പി ജയരാജന്‍, കാസര്‍കോട്ട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.