മെഡിക്കൽ കോഴ വിവാദം: വാഗ്ദാനം ചെയ്യപ്പെട്ട കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ബിജെപി, കുമ്മനം ഡല്‍ഹിക്ക്

ശനി, 22 ജൂലൈ 2017 (12:12 IST)
ബിജെപി സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കി മെഡിക്കൽ കോഴ വിവാദം. അതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ കോർ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തിൽ കുമ്മനം രാജശേഖരനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കോഴ അന്വേഷണത്തിന് കമ്മിഷനെ വച്ച കാര്യം കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ അറിയിച്ചു. 
 
എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതിനാലാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്നാണ് കുമ്മനം നല്‍കിയ മറുപടി. അതിനിടെ, മെഡിക്കൽ കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്ന മുന്നറിയിപ്പും കേന്ദ്രനേതൃത്വം നല്‍കി. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ നസീർ മാത്രമല്ലയെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.
 
അതേസമയം, മെഡിക്കല്‍ കോളജ് അനുമതി കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതാക്കള്‍ക്കു കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി രാഷ്ട്രീയമായി മറികടക്കുന്നതിനുള്ള തന്ത്രങ്ങളാകും ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കോര്‍ കമ്മിറ്റി യോഗത്തിലും ചര്‍ച്ചയാകുക ഇതിനിടെ പുതിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കുമ്മനത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക