മെട്രോ റയില്‍: ഉന്നതതല യോഗം ഇന്ന്

വെള്ളി, 29 ഓഗസ്റ്റ് 2008 (13:31 IST)
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

ആസൂത്രണ കമ്മിഷന്‍ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. വൈകുന്നേരം 5.30ന് നടക്കുന്ന യോഗത്തില്‍ കേരളത്തില്‍നിന്ന്‌ ചീഫ്‌ സെക്രട്ടറി, ഗതാഗത സെക്രട്ടറി, നഗര വികസന സെക്രട്ടറി, എറണാകുളം കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പദ്ധതി നടപ്പാക്കേണ്ട രീതിയാണ് ചര്‍ച്ചാ വിഷയം.

25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കും. ബാക്കി പണം വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി എടുക്കാനാണ് തിരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര നഗര വികസന സെക്രട്ടറി അറിയിച്ചു.

ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അഭിപ്രായം ആരായാനാണ് അസൂത്രണ കമ്മിഷന്‍ സെക്രട്ടറി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. നഗരവികസന സെക്രട്ടറി എം. രാമചന്ദ്രനെ കൂടാതെ ധനകാര്യ വകുപ്പിലെയും ആസൂത്രണ കമ്മിഷനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക