കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ടത് വലിയ സുരക്ഷാവീഴ്ചയാണെന്നും SPG ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാള്‍ കടന്നുകയറിയതെന്നും കടകംപള്ളി എഫ് ബി പേജില്‍ കുറിച്ചു.
കടകംപള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
കൊച്ചി മെട്രോ നാട മുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. SPG അത് പരിശോധിക്കേണ്ടതാണ്.
സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോമാന്‍ ഇ ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത്.
പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണം. ഇ ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേര്‍ത്ത് കാണണം. സ്ഥലം MLA P T തോമസിനെ ഉള്‍പ്പെടുത്താനും തയ്യാറായില്ല.