മുഹമ്മദ് യാസിന്‍ അന്ന് മലമ്പുഴയില്‍ ഇല്ല: സിബിഐ

ബുധന്‍, 27 ജൂലൈ 2011 (16:06 IST)
PRO
PRO
പുത്തൂര്‍ ഷീല വധക്കേസ് മുഖ്യപ്രതി സമ്പത്തിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചപ്പോള്‍ എഡിജിപി മുഹമ്മദ് യാസിന്‍ മലമ്പുഴയില്‍ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ കോടതിയില്‍ അറിയിച്ചു. യാസിന്‍ അപ്പോള്‍ കോയമ്പത്തൂരിലെ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു എന്നു സി ബി ഐ ബോധിപ്പിച്ചു. യാസിന്‍ കോയമ്പത്തൂരില്‍ ആയിരുന്നതിന്റെ തെളിവായി ടെലിഫോണ്‍ ഫോളുകളുടെ രേഖകളുമുണ്ട്.

മലമ്പുഴ റിവര്‍സൈഡ് കോട്ടെജിലാണ് സമ്പത്ത് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. 6.45-നാണ് മര്‍ദനം നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. 6.15 വരെ യാസിന്‍ കോയമ്പത്തൂരില്‍ ഉണ്ടായിരുന്നതിനും രേഖകളുണ്ട്. അരമണിക്കൂര്‍ കൊണ്ടു എങ്ങനെ കോയമ്പത്തൂരില്‍ നിന്ന് മലമ്പുഴയില്‍ എത്തിച്ചേരുമെന്നും സി ബി ഐ വാദിക്കുന്നു.

അതേസമയം കേസില്‍ പ്രതികളായ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിലപാടാണ് സി ബി ഐ സ്വീകരിക്കുന്നതെന്ന് ജഡ്ജി ബി കമാല്‍ പാഷ പറഞ്ഞു. മുഹമ്മദ് യാസിന്‍ ഉള്‍പ്പെടെയുള്ള ഉന്നതരെ അറസ്റ്റ് ചെയ്യാത്തതില്‍ ജഡ്ജി അസംതൃപ്തി രേഖപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതി സി ബി ഐയുടെ വിശദീകരണം തേടിയത്.

വെബ്ദുനിയ വായിക്കുക