മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് മുഖ്യമന്ത്രി
ബുധന്‍, 30 നവംബര്‍ 2011 (16:19 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിതേ തീരുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. അതേസമയം തമിഴ്നാടുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടായിരിക്കും കേരളത്തിന്റെ ആവശ്യം നടപ്പിലാക്കുക എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തമിഴ്നാടിന് വെള്ളം നമുക്ക് സുരക്ഷ എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കൊടുക്കുന്നതിനേക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും തമിഴ്നാടും അയല്‍ സംസ്ഥാനങ്ങളും തമ്മില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മുല്ലപ്പെരിയാറിലെ കാര്യം അങ്ങനെയല്ല. മുല്ലപ്പെരിയാറില്‍ വെള്ളം കൊടുക്കുന്നതിനേക്കുറിച്ചോ ഉപയോഗിക്കുന്നതിനേക്കുറിച്ചോ തര്‍ക്കമില്ല. ഇവിടെ കേരളത്തിന്റെ സുരക്ഷയുടെ പ്രശ്നമാണ് നിലനില്‍ക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് നല്ല അന്തരീക്ഷത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് എടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.