മുഖ്യമന്ത്രിയുടെ മകനെതിരെ രംഗത്തുവന്നത് പുകമറ സൃഷ്ടിക്കാന്‍

ബുധന്‍, 23 ഫെബ്രുവരി 2011 (16:35 IST)
PRO
മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കാതിരുന്നവര്‍ ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനെതിരെ രംഗത്തു വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ്‌ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം. ഇപ്പോള്‍ യു ഡി എഫ്‌ ഉന്നയിക്കുന്ന ആരോപണം അവരെത്തന്നെ തിരിഞ്ഞു കൊത്തും. അന്നത്തെ യു ഡി എഫ്‌ സര്‍ക്കാര്‍ ചന്ദനമാഫിയക്കും വഴങ്ങി എന്നാണ്‌ അതിനര്‍ഥമെന്നു കോടിയേരി പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും യു ഡി എഫ്‌ ക്യാംപില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുള്ളതാണ്‌. അതിന്റെ പേരില്‍ എല്‍ ഡി എഫിനു നേരെ കുതിര കയറിയിട്ടു വല്ല കാര്യവുമുണ്ടോയെന്നും കോടിയേരി ചോദിച്ചു. മകനെതിരായ ആരോപണം യു ഡി എഫ്‌ കുതന്ത്രമാണ്‌. പണം നല്‍കിയെന്നു പറയുന്ന ചന്ദന മാഫിയക്കാരെല്ലാം മുസ്‌ലീംലീഗുകാരാണ്‌. ആരോപണം ഉന്നയിക്കുനവര്‍ വി എസ്‌ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മകന്‍ പണം വാങ്ങിയെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

യു ഡി എഫ്‌ നേതാക്കള്‍ ജയിലില്‍ പോകുന്നതിന്റെ ഉത്തരവാദിത്തം എല്‍ ഡി എഫിനല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിധി പറഞ്ഞതു സുപ്രീംകോടതിയാണ്‌. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നിരത്തിയതു മുസ്ലീംലീഗിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഇന്ത്യാവിഷന്‍ ചാനലും കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫുമാണ്‌. പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതി വിചാരണ തുടങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്കിയത് ടി എച്ച്‌ മുസ്‌തഫയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക