മാലിന്യ നിക്ഷേപം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് ബൈക്ക് കള്ളന്‍
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (12:06 IST)
PRO
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് പിടികൂടാന്‍ റസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് ബൈക്ക് മോഷ്ടാവ്. കരമന കൊടിവച്ചാന്‍കോവില്‍ സ്വദേശി അരുൺദേവ് എന്നും അംബു എന്നും വിളിക്കുന്ന റെണോള്‍ഡാണ് (24) കരമന പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 31 ന് കിള്ളിപ്പാലം പോപ്പുലര്‍ ഓട്ടോമൊബൈല്‍സിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട യുണിക്കോണ്‍ ബൈക്ക് മോഷ്ടിച്ചതിനാണ് ഇയാള്‍ പിടിയിലാവുന്നത്.
ഓട്ടോമൊബൈല്‍സിലെ ജീവനക്കാരന്റേതായിരുന്നു ബൈക്ക്. വിവരം അപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പൊലീസിന്റെ കീഴിലുള്ള എല്ലാ ക്യാമറകളിലും പൊലീസ് പരിശോധിച്ചു.
കിള്ളിപ്പാലം റസിഡന്റ്സ് അസോസിയേഷന്‍ ഒരു കാമറ സ്ഥാപിച്ചിട്ടുള്ള വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. അതനുസരിച്ച് ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണം നടക്കുന്ന രംഗം കാണാനിടയായത്.
ഹെല്‍മറ്റ് ഊരിവച്ച ശേഷം ഇയാൾ ബൈക്കിന്റെ പൂട്ട് തുറക്കുന്നതും ബൈക്കുമായി കടക്കുന്നതും ക്യാമറയിലൂടെ കാണാനായി. തുടര്‍ന്ന് സിറ്റി പൊലീസിലെ ഷാഡോ അംഗങ്ങൾ നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന് 5 ദിവസത്തിനുള്ളില്‍ പ്രതി പിടിയിലാവുകയായിരുന്നു.