മാധ്യമങ്ങള്‍ വേട്ടപ്പട്ടികളായി മാറുന്നു: ഭാസുരേന്ദ്ര ബാബു

വ്യാഴം, 21 ഫെബ്രുവരി 2013 (17:44 IST)
PRO
PRO
മാധ്യമങ്ങള്‍ വേട്ടപ്പട്ടികളായി മാറുകയാണെന്ന് പ്രമുഖ മാധ്യമ നിരൂപകനായ ഭാസൂരേന്ദ്ര ബാബു. നീരീക്ഷിക്കുന്ന കാവല്‍ നായകളാകുന്നതിന്‌ പകരം മാധ്യമങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി ഇരകളെ പിടിക്കുന്ന വേട്ടപ്പട്ടികളായി മാറിയതായി അദ്ദേഹം പറഞ്ഞു. ജനാധിപത്യവുമായി യോജിച്ച്‌ പോകാന്‍ കഴിയാത്ത വേട്ടപ്പട്ടികളെ കൊന്നുകളയുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ രംഗത്തെ കുത്തകവല്‍ക്കരണത്തിന്റെ പ്രതീകമായ മാര്‍ഡോക്ക്‌ അടക്കമുളളവരുടെ അജണ്ടയുള്ളത്‌ കൊണ്ടാണ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ മൂന്ന്‌ ദിവത്തിനകം അപ്രത്യക്ഷമാകുന്നത്‌. അമേരിക്കന്‍ പ്രസിഡന്റിനെ തീരുമാനിക്കുന്നതും മര്‍ഡോക്ക്‌ തന്നെയാണ്‌. ഈ സമീപനമാണ്‌ ഇപ്പോള്‍ മാധ്യമ രംഗത്ത്‌ നടക്കുന്നത്‌.
ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമങ്ങള്‍ ഇപ്പോള്‍ അധികാരത്തിന്റെ പ്രണയിതാവായി മാറിയിരിക്കുകയാണ്‌. അധികാരത്തില്‍ ആര്‌ ഇരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ മാധ്യമങ്ങളായി മാറികഴിഞ്ഞിരിക്കുന്നു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇല്ലാത്ത രാസായുധങ്ങളുടെ കള്ളക്കഥ മാധ്യമങ്ങള്‍ ചമച്ച്‌ നല്‍കി ലോകം ആ വഴിക്ക്‌ നീങ്ങി നിരപരാധികളെ കൊന്നൊടുക്കി സദ്ദാം ഹുസ്സൈനേയും തൂക്കിലേറ്റുകയായിരുന്നു.

അഫ്സല്‍ ഗുരുവിനെ വധശിക്ഷക്ക്‌ വിധേയമാക്കിയ ദിവസം രാവിലെ 8 മണിക്ക്‌ മാത്രമാണ്‌ അദ്ദേഹത്തെ അറിയിച്ചത്‌. അവസാനമായി പ്രാര്‍ത്ഥിക്കാനും ഭക്ഷണം കഴിക്കാനും അവസരം നല്‍കാതെ വധശിക്ഷ നടപ്പാക്കിയതിന്‌ ശേഷം മൃതദേഹം പോലും ബന്ധുക്കള്‍ക്ക്‌ വിട്ട്‌ നല്‍കിയിട്ടില്ല. വൈകിയാണങ്കിലും ചില മാധ്യമങ്ങള്‍ സത്യങ്ങള്‍ പുറത്തറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക