മാധ്യമങ്ങള്‍ക്കു വിവരം നല്‍‌കരുത്: ഡിജിപി

മാധ്യമങ്ങളോടോ മാധ്യമപ്രതിനിധികളോടോ നിലവിലിരിക്കുന്ന കേസുകളെ സംബന്ധിച്ച് യാതൊരു തരത്തിലുള്ള ആശയവിനിമയവും നടത്തരുതെന്ന് പൊലീസുകാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. 9/008 എന്ന സര്‍ക്കുലറിലൂടെയാണ്‌ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു നിര്‍ദേശം ഡിജിപി ജേക്കബ്‌ പുന്നൂസ്‌ നല്‍കിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും കുറച്ച് കാലങ്ങളായി ആശയ വിനിമയം നടത്തുന്നത് കണ്ണില്‍ പെട്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥരുടെ സ്വന്തം അഭിപ്രായങ്ങള്‍ പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണമായി കണക്കാക്കി മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കാറുണ്ട്. സംശയത്തിനിട നല്‍‌കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഇനി ഒഴിവാക്കണം.

പ്രതികളെയോ പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരെയോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരരുത്. അവരെ പറ്റിയുള്ള വിവരങ്ങളോ അവരുടെ ചിത്രങ്ങളോ മാധ്യമങ്ങള്‍‌ക്ക് കൈമാറരുത്. എന്തെങ്കിലും ഔദ്യോഗിക വിശദീകരണം മാധ്യമങ്ങള്‍ക്ക് നല്‍‌കണമെങ്കില്‍ തന്നെ കേസിന്‍റെ വിധി വന്ന ശേഷമേ ആകാവൂ - സര്‍ക്കുലറില്‍ പറയുന്നു.

അഭയക്കേസില്‍ മാധ്യമങ്ങള്‍ ഇടപെട്ട് ജനങ്ങളെ വഴിതെറ്റിച്ചു എന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഡിജിപിയുടെ ഈ സര്‍ക്കുലര്‍ വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക