ബാര്‍ കോഴ വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ധനമന്ത്രി കെ എം മാണി രാജിവയ്ക്കുമോ എന്നത് സാങ്കല്‍പ്പിക ചോദ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിജിലന്‍സിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.
കെ എം മാണിക്കെതിരായ പ്രതിപക്ഷനിലപാട് കടുത്തതോടെ ബാര്‍ കോഴ വിവാദം വീണ്ടും കത്തിപ്പടരുകയാണ്. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടരുകയാണ്. മാണിക്കെതിരായ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെയാണ് ആഭ്യന്തരമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
ബാര്‍ കോഴക്കേസില്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടില്ല. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം - രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഐ ജി മനോജ് ഏബ്രഹാമിനെതിരായ രാഹുല്‍ ആര്‍ നായരുടെ പരാതിയില്‍ കഴമ്പില്ല. ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതാണ്. ഇനി ഈ പരാതിയില്‍ ഒരു ഉന്നതതല അന്വേഷണം ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.