ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ സംസ്ഥാന ധനമന്ത്രി കെ എം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാണിയെ പിന്തുണച്ചും മാധ്യമങ്ങളെ ആക്രമിച്ചും മാര്‍ പവ്വത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നവരും വിധിയാളന്മാരുമായി മാറുന്നതാണ് ബാര്‍ കോഴക്കേസില്‍ കാണുന്നത്. ഈ രീതി ശരിയല്ല. ശരിയായ തെളിവുകളില്ലാതെ ഒരു മനുഷ്യനെ തുടര്‍ച്ചയായി വേട്ടയാടുന്നതില്‍ അപാകതയുണ്ട്. കുറ്റം കൃത്യമായി തെളിയിക്കുന്നതു വരെ ആരെയും കുറ്റവാളികളായി കരുതരുതെന്നും പറയുന്ന ലേഖനത്തില്‍ എന്നാല്‍, മാധ്യമങ്ങള്‍ക്ക് ഇങ്ങനെയുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലെന്നും മാര്‍ പവ്വത്തില്‍ പറയുന്നു.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ കുറ്റവാളികളാക്കി വിധി തീര്‍പ്പെഴുതാനോ ന്യായാധിപന്മാരെ സ്വാധീനിക്കാനോ ആണ് പല മാധ്യപ്രവര്‍ത്തകരുടെയും ശ്രമം. കുറ്റവിചാരണയും ശിക്ഷയും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ശരിയല്ല. ഇത് ജനാധിപത്യവിരുദ്ധമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് പരിധികള്‍ കണ്ടെത്താന്‍ മാധ്യമങ്ങള്‍ തന്നെ ശ്രദ്ധിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ത്തി കൂടുമ്പോള്‍ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും ഇന്ന് പതിവാണ്. അശ്ലീലവും മറ്റും വാരിവിതറി പിഞ്ചു മനസുകളെപ്പോലും ദുഷിപ്പിക്കുന്നതും സാധാരണമായി. ജനങ്ങള്‍ക്കിടയില്‍ ആഡംബരഭ്രമവും ധൂര്‍ത്തും വര്‍ധിപ്പിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ലേഖനത്തില്‍ പറയുന്നു.