മാണിക്കെതിരെ പ്രതിപക്ഷബഹളം; നിയമസഭ പിരിഞ്ഞു

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (17:10 IST)
ധനമന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷബഹളം. പ്രതിപക്ഷ ബഹളത്തിനിടയില്‍ നടപടി പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. ബാര്‍കോഴക്കേസില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതോടെയാണ് ആദ്യം സഭ പിരിഞ്ഞത്. രണ്ടാമത് സഭ ചേര്‍ന്നപ്പോള്‍ ധനമന്ത്രി കെ എം മാണി ബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം വീണ്ടും ബഹളം വെയ്ക്കുകയായിരുന്നു.
 
ബില്‍ അവതരിപ്പിക്കാന്‍ മാണി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.  പിന്നീട് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു മുന്നില്‍ ചെന്നുനിന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ഇതിനെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
 
ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിടുന്നുവെന്ന് പ്രഖ്യാപിച്ച് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ഇനി 29നേ സഭ ചേരുകയുള്ളൂ. 27ന് നടക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം 30ന് അറിയാം. അതേസമയം, സമ്മേളനം പുനക്രമീകരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തു.