മലപ്പുറം കരുളായിയില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടി: വെടിവയ്‌പ്‌ നടത്തിയത് ആറംഗ സംഘം

വ്യാഴം, 25 ഫെബ്രുവരി 2016 (06:29 IST)
മലപ്പുറം ജില്ലയിലെ കരുളായി ഉള്‍വനത്തിലാണ് മാവോയിസ്‌റ്റുകളും പോലീസ്‌ കമാന്‍ഡോകളും തമ്മില്‍ വെടിവയ്‌പ്‌ നടന്നത്. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, വിക്രം ഗൗഡ, ശ്രീമതി എന്നിവരെ കോളനിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ കെ 47 മെഷീന്‍ഗണ്‍ ഉപയോഗിച്ച്‌ മാവോയിസ്‌റ്റുകള്‍ അഞ്ചു റൗണ്ട്‌ വെടിയുതിര്‍ത്തപ്പോള്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ 10 റൗണ്ട്‌ വെടിവച്ചു. 
 
മുണ്ടക്കടവ്‌ കോളനിയില്‍ ആറംഗ മാവോയിസ്‌റ്റുകള്‍ എത്തിയിരുന്നു എന്ന വിവരത്തെത്തുടര്‍ന്ന്.  പോലീസ്‌ 10 മണിയോടെ കോളനിയിലെത്തി. എന്നാല്‍ പോലീസ്‌ എത്തുന്നതിനു മുന്‍പ് മാവോയിസ്‌റ്റുകള്‍ കോളനി വിട്ടിരുന്നു. ഇവര്‍ക്കായി നിലമ്പൂര്‍ സി ഐ സി സജീവന്റെയും എസ്‌ ഐ വി ബാബുരാജിന്റെയും നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം രാത്രി രണ്ടായി തിരിഞ്ഞ്‌ വനത്തില്‍ തെരച്ചില്‍ നടത്തി. ഇന്നലെ പുലര്‍ച്ചെ തണ്ടര്‍ബോള്‍ട്ട്‌ അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ സൈമണിന്റെ നേതൃത്വത്തില്‍ വനത്തിലെത്തിയ സംഘത്തിനു മുന്നില്‍ ആയുധധാരികളായ മാവോയിസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 30 മീറ്ററോളം അടുത്തെത്തിയ ഇവര്‍ തണ്ടര്‍ബോള്‍ട്ടിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. 
 
മുണ്ടക്കടവ്‌ കോളനിയിലെത്തിയ മാവോയിസ്‌റ്റ്‌ സംഘം രണ്ടുമണിക്കൂറോളം അവിടെ ചെലവഴിച്ചു. മുണ്ടക്കടവ്‌ കടന്നക്കാപ്പ്‌ ചാത്തന്റെ വീട്ടിലെത്തിയ ആറുപേരടങ്ങുന്ന സംഘം, പോലീസിനെയും വനപാലകരെയും വനത്തില്‍ കയറ്റരുതെന്നും കോളനിവാസികളുടെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങണമെന്നും നിര്‍ദേശിച്ചു. കോളനിയില്‍നിന്ന്‌ അരിയും പലവ്യഞ്‌ജനങ്ങളും ശേഖരിച്ചാണു സംഘം മടങ്ങിയത്‌. വനത്തില്‍ പോലീസ്‌ പരിശോധന തുടരുകയാണ്‌.
 

വെബ്ദുനിയ വായിക്കുക