മരാമത്ത് വകുപ്പ് ഓഫീസുകളില്‍ റെയ്‌ഡ്: പിടിച്ചെടുത്തത് ലക്ഷങ്ങള്‍

വെള്ളി, 29 മാര്‍ച്ച് 2013 (20:13 IST)
PRO
PRO
മരാമത്ത് വകുപ്പിലെ റോഡ്സ് വിഭാഗം എന്‍ജിനീയര്‍മാരുടെ ഓഫിസുകളില്‍ സംസ്ഥാനവ്യാപകമായി വ്യാപകറെയ്‌ഡ്. വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ലക്ഷങ്ങള്‍ പിടിച്ചെടുത്തു. പ്രാഥമിക വിവരം അനുസരിച്ചു പത്തു ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം കണ്ടെടുത്തു.

കട്ടപ്പന മരാമത്ത് എക്സി. എന്‍ജിനീയറുടെ ഒാഫിസില്‍ നിന്നു മാത്രം 5,86,000 രൂപ പിടിച്ചെടുത്തു. 32 ഒാഫിസുകളിലായിരുന്നു റെയ്ഡ്. ഒാപ്പറേഷന്‍ നിര്‍മാണ്‍ എന്ന പേരില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഒരേസമയം ആരംഭിച്ച പരിശോധന പുലര്‍ച്ചെയാണു പല സ്ഥലത്തും സമാപിച്ചത്.

സാമ്പത്തികവര്‍ഷത്തിലെ അവസാന പ്രവൃത്തിദിവസമായിരുന്ന ബുധനാഴ്ച കരാറുകാരുടെ ബില്‍ ഒപ്പിടാനും പുതിയ പദ്ധതികള്‍ അനുവദിക്കാനും ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതായി വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു റെയ്ഡ്. ഒാരോ ഒ ാഫിസിലെ കൈക്കൂലി ഇടപാടും പ്രത്യേകം കേസായി റജിസ്റ്റര്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേകം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു നല്‍കും.

പിഎംജി റോഡ്സ് വിഭാഗം എക്സി. എന്‍ജിനീയറുടെ ഒാഫിസില്‍ നിന്നു കണക്കില്‍പ്പെടാത്ത 7000 രൂപയും ഡിവിഷനല്‍ ഒാഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ഒാഫിസില്‍ നിന്നു 34,000 രൂപയും കണ്ടെത്തി. നെയ്യാറ്റിന്‍കര ഒാഫിസില്‍ നിന്നു 16,000 രൂപയാണു പിടിച്ചത്. കരുനാഗപ്പള്ളി അസി. എക്സി. എന്‍ജിനീയര്‍ ഒാഫിസില്‍ നിന്ന് 70,000 രൂപ പിടിച്ചു.

പത്തനംതിട്ട ഒാഫിസില്‍ നിന്ന് 60,000 രൂപ കണ്ടെത്തി. ദക്ഷിണ മേഖലയില്‍ 14 ഓഫിസുകളിലായിരുന്നു പരിശോധന. ഉത്തരമേഖലയില്‍ 17 ഓഫിസുകളില്‍ പരിശോധന നടത്തി. കാസര്‍കോട് എക്സി. എന്‍ജിനീയര്‍ ഓഫിസില്‍ നിന്നു 33,000 രൂപയും കണ്ണൂര്‍ റോഡ്സ് എക്സി. എന്‍ജിനീയര്‍ ഒാഫിസില്‍ നിന്ന് 22,000 രൂപയും കണ്ണൂര്‍ സബ് ഡിവിഷന്‍ ഓഫിസില്‍ നിന്ന് 38,000 രൂപയും കണ്ണൂര്‍ അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസില്‍ നിന്നു 12,000 രൂപയും പിടികൂടി.

തൃശൂര്‍ എക്സി. എന്‍ജിനീയര്‍ ഓഫിസില്‍ നിന്ന് 61,000 രൂപയാണു പിടിച്ചത്. ഇവിടെ ഒരു വനിതാ ക്ളാര്‍ക്കിന്റെ കൈവശം കണക്കില്‍പ്പെടാത്ത 17,000 രൂപ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക