മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ടല്ല സമരം ആരംഭിച്ചതെന്ന് തിരുത്തി ഗോമതി; തിരിഞ്ഞു നോക്കാൻ ആളില്ലാതെ പെമ്പിളൈ ഒരുമൈ സമരം അവസാനി‌പ്പിക്കുന്നു?

ചൊവ്വ, 9 മെയ് 2017 (08:38 IST)
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൈവിട്ടതോടെ നിലപാട് തിരുത്തി ഗോമതി അഗസ്റ്റിന്‍. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ടല്ല തങ്ങൾ സമരം നടത്തുന്നതെന്ന് ഗോമതി വ്യക്തമാക്കി. 
 
മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആരോപിച്ച് മന്ത്രിസ്ഥാനം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ സമരം ആരംഭിച്ചത്. വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മൂന്നാറിലെത്തി മാപ്പുപറയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമരത്തിന് ജനപിന്തുണ കുറയുന്ന സാഹചര്യത്തിലാണ് മുന്‍പ് പറഞ്ഞത് ഗോമതി തിരുത്തുന്നതും. 
 
പ്രകടനമായി എത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുളള സംഘം ആക്രമിക്കുകയും ആക്രമണത്തില്‍ പെമ്പിളൈ ഒരുമൈയുടെ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തങ്ങൾ സമരം നടത്തുന്നതെന്നാണ് ഇപ്പോൾ ഗോമതി പറയുന്നത്. 
 
സമരം ആരംഭിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവരുടെ പിന്തുണ ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പലരും ഞങ്ങളുടെ സമരത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ തുടങ്ങി. പെരുവഴിയില്‍ അല്ല ഇരിക്കുന്നതെന്നും ഇവർ പറയുന്നു. അതേസമയം മൂന്നാറിലെ പ്രാദേശിക നേതൃത്വത്തിന്റെയും തോട്ടം തൊഴിലാളികളുടെയും പിന്തുണ വലിയ രീതിയില്‍ മുന്‍പത്തെ പോലെ സമരത്തിന് ലഭിച്ചില്ല. തിരിഞ്ഞു നോക്കാൻ ആളില്ലാതെ ആയ സ്ഥിതിക്ക് സമരം അവസാനിപ്പിക്കാനും സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക