മന്ത്രിമാരെ പുറത്താക്കണം - തങ്കച്ചന്‍

വ്യാഴം, 31 ജനുവരി 2008 (14:11 IST)
KBJWD
കളമശേരിയിലെ എച്ച്.എം.ടി ഭൂമി ഇടപാടില്‍ ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേരന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനങ്ങള്‍ തിരുവനന്തപുരത്ത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എം.ടി ഇടപാടിന് വെള്ള പൂശാനാണ് ഭൂപരിഷ്ക്കരണ നിയമത്തിനെതിരെ വ്യവസായ വകുപ്പ് ശ്രമം നടത്തുന്നത്.

സര്‍ക്കാരിന് ഭൂമി തട്ടിപ്പ് നടത്താനാണ് വ്യവസായ വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അനുവാദം കൂടാതെ എച്ച്.എം.ടി കൈമാറിയ ഭൂമി തിരിച്ചെടുക്കണമെന്ന് നിയമവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ വ്യവസായ വകുപ്പ് അവഗണിക്കുകയായിരുന്നു.

ഇടപാട് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത് അപ്രായോഗികമാണ്. പള്ളിയിലെ അച്ചനെതിരെയുള്ള കുറ്റം കണ്ടുപിടിക്കുന്നതിന് കപ്യാരെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് പോലെയാണിത്. ആരോപണ വിധേയരായ മന്ത്രിമാരെ എങ്ങനെ രക്ഷപ്പെടുത്താം എന്നാണ് അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ശരിയായ വസ്തുതകള്‍ പുറത്തു വരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം കൊണ്ടേ സാധിക്കൂ. അതിനാല്‍ സര്‍ക്കാര്‍ എച്ച്.എം.ടി ഭൂമി ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മലബാര്‍ സിമന്‍റ്‌സിന്‍റെ ഗ്രീന്‍ ചാനല്‍ ഡോര്‍ വഴി വ്യവസായ മന്ത്രിയുടെ ബന്ധു സ്പിരിറ്റ് കടത്തിയത് അന്വേഷിക്കണമെന്നും യു.ഡി.എഫ് കണ്‍‌വീനര്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക