ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ ഒരു മരണം കൂടി. പാലക്കാട്ടുകാരനായ യുവാവിന്റെ ജീവന്‍ എടുത്തതും ഈ കൊലയാളി ഗെയിം ആണെന്ന സംശയത്തില്‍ യുവാവിന്റെ അമ്മ. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖ് കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ആത്മഹത്യ ചെയ്തത്. ഇത് ബ്ലുവെയില്‍ ഗെയിം കളിച്ചതു കൊണ്ടാണോയെന്ന സംശയമാണ് ഇപ്പോള്‍ അമ്മ പ്രകടിപ്പിക്കുന്നത്.
വീടിന്റെ ടെറസിനു മുകളില്‍നിന്നു താഴേക്ക് ചാടുക, കൈ ഞരമ്പുകള്‍ മുറിക്കുക, രാത്രിയില്‍ ഒറ്റയ്ക്കു കടലില്‍ പോവുക, അര്‍ധരാത്രി ആരും കാണാതെ ശ്മശാനത്തിലേക്ക് പോവുക തുടങ്ങി മൊബൈല്‍ ഗെയിമിലെ നിര്‍ദ്ദേശങ്ങള്‍ ആഷിഖും ചെയ്തിരുന്നുവെന്ന് അമ്മ പറയുന്നു. ആഷിഖ് ഉറക്കമില്ലാതെ മൊബൈലില്‍ ഗെയിം കളിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അമ്മ പറയുന്നു. രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലില്‍ നില്‍ക്കുന്നതും കരിങ്കല്‍ ക്വാറിയുടെ ഓരത്ത് ഇരിക്കുന്നതുമായ മൊബൈല്‍ ചിത്രങ്ങള്‍ ഇതൊക്കെയാണ് സൂചിപ്പിക്കുന്നതെന്നും അമ്മ പറയുന്നു. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ആഷിഖിനെ കണ്ടത്.
തിരുവനന്തപുരത്താണ് കൊലയാളി ഗെയിമിന്റെ ആദ്യ ഇരയെന്ന് സംശയിക്കുന്ന സംഭവം നടന്നത്. മനോജ് സി മനു എന്ന വിദ്യാര്‍ത്ഥിയാണ് ഇതിന്റെ ആദ്യ ഇര. ആഷിഖില്‍ കണ്ടുവന്നിരുന്ന മാറ്റങ്ങള്‍ മരിക്കുന്നതിനു മുമ്പേ മനോജിലും കണ്ടിരുന്നുവെന്ന് നേരത്തേ അവന്റെ അമ്മ വ്യക്തമാക്കിയിരുന്നു. കൂടാതെ കണ്ണൂരില്‍ സാവന്ത് എന്ന യുവാവിന്റെ മരണത്തിന് പിന്നിലും ഈ ഗെയിമാണെന്ന സംശയം ഉണ്ട്.