മണിയുടെ വെളിപ്പെടുത്തല്‍: കൊല്ലപ്പെട്ടവരുടെ വീടുകള്‍ അന്വേഷണ സംഘം സന്ദര്‍ശിച്ചു
ബുധന്‍, 30 മെയ് 2012 (12:39 IST)
PRO
PRO
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. മണി വെളിപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് അന്വേഷണം സംഘം വിവരം ശേഖരിച്ചത്.
1986 ജനുവരി 16 ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി സെക്രട്ടറിയായിരുന്ന മുള്ളന്‍കുഴി മത്തായി, 1982 നവംബര്‍ 13 ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റ് അഞ്ചേരി ബേബി എന്നിവരുടെ വീടുകളിലാണ് അന്വേഷണസംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.
ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയതെന്ന് മണി വെളിപ്പെടുത്തിയിരുന്നു. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നതെന്നും മണി പറഞ്ഞിരുന്നു. മണിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ പതിമൂന്നോളം കൊലപാതക കേസുകളാണ് പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.