മണിയുടെ പ്രസംഗം: കേന്ദ്രനേതൃത്വം വിശദാംശങ്ങള്‍ തേടി

ഞായര്‍, 27 മെയ് 2012 (17:44 IST)
PRO
PRO
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം വിശദാംശങ്ങള്‍ തേടി. സംഭവത്തില്‍ കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചു.

ഏതു സാഹചര്യത്തിലാണ് മണി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നു ബോധിപ്പിക്കണമെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്. അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഎം. ആശയസമരത്തിന് കൊലപാതകം മാര്‍ഗമല്ലെന്നും കേന്ദ്രനേതൃത്വം അറിയിച്ചു.

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി പിഎമ്മിന് ശീലമുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം മണി പറഞ്ഞത്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഇനിയും കൊല്ലും. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നതെന്നും മണി പറഞ്ഞിരുന്നു.

വിവാദ പ്രസംഗം നടത്തിയ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെ തിരുത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. മണി നടത്തിയ പ്രസംഗം തെറ്റായിപ്പോയെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടി നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പിണറായി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക